This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്വീറോസ്, റെയ്ച്ചല്‍ ഡേ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്വീറോസ്, റെയ്ച്ചല്‍ ഡേ

Queiros, Rachel de (1910 - 2003)

‎റെയ്ച്ചല്‍ ഡേ ക്വീറോസ്


ബ്രസീലിയന്‍ സാഹിത്യകാരി. 1910 ന. 17-ന് സീറാസ്റ്റേറ്റിലെ തീരപ്രദേശമായ ഫോര്‍ട്ടലേസയില്‍ ഒരു കര്‍ഷകകുടുംബത്തില്‍ ജനിച്ചു. ഗ്രാമീണ കര്‍ഷകരുടെ ജീവിതത്തില്‍നിന്നു ലഭിച്ച അറിവും അനുഭവങ്ങളുമാണ് ക്വീറോസിനെ സാഹിത്യരചനയിലേക്ക് നയിച്ചത്. പ്രകൃതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകള്‍ ഇവ ക്വീറോസിന്റെ നോവലുകളിലെ മുഖ്യപ്രമേയങ്ങളാണ്. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി കര്‍ഷകരെ പ്രതികൂലമായി ബാധിക്കുന്ന പ്രകൃതിക്ഷോഭം വരെ ഇവരുടെ നോവലുകള്‍ക്ക് വിഷയീഭവിക്കുന്നു. 1915-ലെ കടുത്ത വരള്‍ച്ച നേരിടാനാവാതെ നാട്ടില്‍നിന്നു പലായനം ചെയ്ത ബ്രസീല്‍കാരുടെ ദയനീയസ്ഥിതി വിവരിക്കുന്നകൃതിയാണ് 19-ാമത്തെ വയസ്സില്‍ രചിച്ച ദി ഈയര്‍ ഫിഫ്റ്റീന്‍ (1930). വംശനാശം സംഭവിച്ച ബ്രസീലിയന്‍ ആദിവാസികളും തന്റെ നാട്ടിലെ സ്ത്രീകള്‍ നേരിടുന്ന അവഗണനയും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ക്വീറോസിന്റെ ചിന്തയെ വേട്ടയാടുന്നത് ത്രീ മേരിയാസ് (1939) എന്ന കൃതിയില്‍ പ്രതിഫലിക്കുന്നു. ഒരു കോണ്‍വെന്റില്‍ പഠിക്കാനെത്തുന്ന മൂന്നു പെണ്‍കുട്ടികളുടെ അനുഭവങ്ങളാണ് ഇതിന്റെ ഇതിവൃത്തം. പരിസ്ഥിതിയുടെ നിര്‍ദയമായ പീഡനങ്ങളോടേറ്റുമുട്ടിക്കഴിയുന്ന ഒരു സ്ത്രീയുടെ വ്യക്തിത്വവികസനത്തിന്റെ കഥ ഇതിലൂടെ പ്രതിപാദിക്കുന്നു. ആത്മകഥാപരമായ രചനയാണ് ത്രീ മേരിയാസ്. സാമൂഹികമായ അനീതികളുടെ പശ്ചാത്തലത്തില്‍ സ്നേഹത്തിനുവേണ്ടി ജീവത്യാഗം ചെയ്യേണ്ടിവന്ന ഒരു സ്ത്രീയുടെ ജീവിതം ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്ന നോവലാണ് റോഡ് ഒഫ് സ്റ്റോണ്‍സ് (1937). ജൊവാവോ മിഗുവേല്‍ (1932) ശാന്ത എന്ന വേശ്യയുടെ വേദനാജനകമായ കഥയാണ്. ലാംപിയോ, എ ബിയാറ്റാ മാരിയാദോ ഇജിറ്റോ തുടങ്ങി ഏതാനും നാടകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്.

1964-ല്‍ ഐക്യരാഷ്ട്രസഭയിലെ ബ്രസീലിയന്‍ പ്രതിനിധിയായി. റെയ്ച്ചലിന്റെ സാഹിത്യസംഭാവകളെ മാനിച്ച് ബ്രസീലിലെ അക്കാദമി ഒഫ് ലെറ്റേഴ്സ് 1977-ല്‍ 'മാക്കഡോ ദ അസീസ്' പുരസ്കാരം നല്കി ആദരിച്ചു. കാമിയോസ് സമ്മാനം (1993), പ്രീമിയോ ജബൂട്ടി ബഹുമതികളും റെയ്ച്ചലിനെ തേടിയെത്തി.

2003 ന. 4-ന് റിയേ-ഡി ജനീറേയില്‍ ക്വീറോസ് അന്തരിച്ചു.

(എ.ബി. രഘുനാഥന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍